പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്

എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.

ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്

നിലവില്‍ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ടാബുകളായി തിരിച്ചാണ് ലഭിക്കുന്നത്. ഇതിനായി ഓരോ ടാബും ഓരോന്നായി ക്ലിക്ക് ചെയ്യേണ്ടിവരും. അതിനു പകരമായി ഒറ്റ സെര്‍ച്ച് റിസള്‍റ്റ് പേജില്‍ തന്നെ എല്ലാ വിഭാഗം കണ്ടെന്റുകളും കാണിക്കുന്ന തരത്തിലാണ് പുതിയ സവിശേഷത വരുന്നത്.

സെര്‍ച്ച് ബാറില്‍ തന്നെ തിരച്ചിലും ഫലങ്ങളും

തിരയാനുള്ള ബട്ടണില്‍ അമര്‍ത്താതെ, സെര്‍ച്ച് ബാറില്‍ തന്നെ ഫലങ്ങള്‍ ദൃശ്യമാകുന്നത്, കാര്യങ്ങള്‍ ഒരുപാട് എളുപ്പമാക്കുന്നതാണ് .ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്ത് വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചറാണിത്.

മാപ്പും ചിത്രങ്ങളും സ്ഥലങ്ങളും

ഗൂഗിള്‍ മാപ്പില്‍ ഒരു സ്ഥലം തിരഞ്ഞാല്‍ ആ സ്ഥലത്തിന്റെ റിസള്‍ട്ടില്‍ നിന്നും മേലേക്ക് സ്‌ക്രോള്‍ ചെയ്താല്‍ അവിടം നിങ്ങള്‍ക്ക് വിവരം ലഭിക്കേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളുമെല്ലാം ലഭിക്കും.

ഗൂഗിള്‍ സ്റ്റോറീസ്

ഓപ്പണ്‍ വെബിലെ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നുള്ള ഉള്ളടക്കം ഉള്‍പ്പെടെ എന്തെങ്കിലും വിഷയം ഗൂഗിളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കായി അതുമായി ബന്ധപ്പെട്ട എല്ലാതരം വിവരങ്ങളും ചിത്രങ്ങളായും വിഡിയോകളായുമൊക്കെ ലഭ്യമാകുന്ന ഫീച്ചറാണിത്.അതായത് നമ്മള്‍ ഫോണിലോ ടാബിലോ മറ്റ് ഡിവൈസിലോ ഗൂഗിള്‍ തുറക്കുമ്പോള്‍ തന്നെ ഗൂഗിള്‍ വെബ്‌സ്‌റ്റോറീസ് തുറന്നുവരും.

ഉദാഹരണത്തിന് ന്യൂയോർക്ക് എന്ന് സെര്‍ച്ച് ചെയ്താല്‍ അവിടം സന്ദര്‍ശിച്ച ആളുകളില്‍ നിന്നുള്ള വിഷ്വല്‍ സ്റ്റോറികളും ഹ്രസ്വ വീഡിയോകളും, നഗരത്തിലൂടെ എങ്ങനെ ചുറ്റാം, ചെയ്യേണ്ട കാര്യങ്ങള്‍, എങ്ങനെ എത്തിച്ചേരാം,യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചേക്കാവുന്ന മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ നിങ്ങള്‍ കണ്ടേക്കാം.

ഐഒഎസുകാര്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് ഷോര്‍ട്ട്കട്ട്

iOSന് വേണ്ടിയുള്ള ഗൂഗിള്‍ ആപ്പില്‍, പുതിയ ഷോര്‍ട്ട്കട്ട് ഫീച്ചർ ഗൂഗിള്‍ ചേര്‍ത്തിരിക്കുന്നു . ഷോര്‍ട്ട്കട്ടുകളില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള കാര്യങ്ങള്‍ തിരയാം. വൈകാതെ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും ഈ സൗകര്യം ലഭിച്ചേക്കും.