നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ

കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു കരാറിലെത്തിയിരുന്നു. ലാംഗ്വേജ് ട്രെയ്‌നിംഗ്, യാത്ര എന്നിവയുടെ ചെലവ് ഉള്‍പ്പെട ജര്‍മനി ആണ് വഹിക്കുന്നത്. രാജ്യത്ത് നഴ്‌സുമാര്‍ക്ക് എത്രത്തോളം അവസരം ഉണ്ട് എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്.നിലവിലെ സാഹചര്യത്തില്‍ ഈ അവസരങ്ങള്‍ കുത്തനെ ഉയരാന്‍ പോവുകയാണ്. ഇപ്പോള്‍ നഴ്‌സിംഗ് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ഈ അവസരം മുതലാക്കാന്‍ ഇപ്പോഴെ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്.

ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതാണ് രാജ്യങ്ങളിലെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധി.യൂറോപ്പ് മുതല്‍ യുഎഇവരെയുള്ള രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് വലിയ അവസരങ്ങളാണ് ഉള്ളതെന്നത് മലയാളികളെ സംബന്ധിച്ച് ഒരു പുതിയ അറിവല്ല.ലോകത്ത് ഏറ്റവും അധികം നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്ന രാജ്യമാണ് ഫിലിപ്പൈന്‍സ്. രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. യൂറോപ്യന്‍ രാജ്യങ്ങളിലെ നഴ്‌സ്, മിഡ് വൈഫ് രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. കോവിഡിന് മുമ്പ് ഓരോ വര്‍ഷവും ഏകദേശം 50,000 നഴ്‌സുമാരാണ് ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇന്ന് ഈ സംഖ്യ ഇരട്ടിയിലും അധികമാണ്.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2020-2030 കാലയളവില്‍ പ്രതിവര്‍ഷം 194,500 നഴ്‌സുമാര്‍ക്കെങ്കിലും അവസരം ഉണ്ടാവും. ഈ വര്‍ഷം മാത്രം യുഎസില്‍ 500,000 രജിസ്‌റ്റേര്‍ഡ് നഴ്‌സുമാരാണ് വിരമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ഗള്‍ഫ് മേഖലയിലും വലിയ അവസരങ്ങളാണ് നഴ്സുമാരെ കാത്തിരിക്കുന്നത്. 10 വര്‍ഷത്തേക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ ഉള്‍പ്പടെ നഴ്‌സുമാര്‍ക്ക് യുഎഇ നല്‍കുന്നുണ്ട്.

വിദേശത്ത് മാത്രമല്ല ഇന്ത്യയിലും വരും വര്‍ഷങ്ങളില്‍ നഴ്‌സുമാരുടെ ഡിമാന്‍ഡ് കുത്തനെ ഉയരും എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ ആരോഗ്യ മേഖലയില്‍ നിന്ന് നഴ്‌സുമാരെ അകറ്റുന്ന പ്രധാന ഘടകം തൊഴിലിടത്തിലെ മോശം പ്രവണതകളും കുറഞ്ഞ വേതനവും ആണ്. ലോകാരോഗ്യ സംഘടന (WHO) പറയുന്നത് 1000 പേര്‍ക്ക് 3 നഴ്‌സ് വേണമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 1000ന് 1.7 മാത്രമാണ്. ജനസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ 2024ഓടെ 4.1 ദശലക്ഷം നഴ്‌സുമാരെ കൂടി രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് വേണ്ടി വരും.നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 133 ഓളം നഴ്‌സിംഗ് കോളേജുകളാണ് ഉള്ളത്. ധാരാളം മലയാളി വിദ്യാര്‍ത്ഥിനികളാണ് നഴ്‌സിംഗ് പഠനത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുന്നത്. ആഗോള തലത്തില്‍ നഴ്‌സുമാരുടെ ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് കോളേജുകളുടെ എണ്ണം ഉയര്‍ത്തുന്നതും കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കുന്നതും സംസ്ഥാനത്തിന് നേട്ടമാവും എന്നതില്‍ തര്‍ക്കമില്ല.